Department of LifeLong Learning and Extension
Mahatma Gandhi University

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം ദ്വിദിന സമ്മേളനം

      നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അതിതീവ്രമായി പെയ്തിറങ്ങിയ മഴ വിവരണാതീതമായ ദുരിതമാണ് സംസ്ഥാനത്തിന് വരുത്തിവെച്ചത്. ഇനിയുള്ള നാളുകള്‍ പുനര്‍ നിര്‍മാണത്തിന്‍റെതാണ്. കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. ഇനിയുള്ള നമ്മുടെ ലക്ഷ്യം നവകേരള സൃഷ്ട്ടിയാണ്. പുനര്‍നിര്‍മ്മാണം ഏറ്റവും ശാസ്ത്രീയമായി നടത്തേണ്ട ഒന്നാണ്. പ്രകൃതിയുടെ വഴിയില്‍ നാം നടത്തിയ അനധികൃത കൈകടത്തലുകള്‍ ദുരന്തത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. അതിനാല്‍ ഓരോ ഇടത്തിനും അനുയോജ്യമായ, പ്രകൃതിയോടിണങ്ങുന്ന രീതിയിലാണ് പുനര്‍നിര്‍മ്മാണ പ്രക്രിയ സാധ്യമാക്കേണ്ടത്.

ഈ ലക്‌ഷ്യം മുന്‍നിര്‍ത്തി ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ലൈഫ് ലോങ് ലേണിoങ് & എക്സ്റ്റന്‍ഷന്‍ പ്രാദേശിക/നാട്ടറിവ് മേഖലയിലെ പ്രഗല്‍ഭരെ / പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു. ആദിവാസി മേഖലയില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ഈ വകുപ്പ് നടത്തി വരുന്നു. Indigenous Organic Farming Project (IOFP)-An Organic Farming Project for Supporting Tribal Farmers എന്ന പദ്ധതി അത്തരത്തില്‍ ഒന്നാണ്. ആദിവാസി മേഖലയുടെ സുസ്ഥിര വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് കേരളം ഇത്തരത്തില്‍ ഒരു പ്രകൃതി ദുരന്തത്തിന് സാക്ഷ്യംവഹിക്കുന്നത്. സുസ്ഥിര വികസനം എന്ന പദ്ധതി ലക്ഷ്യത്തിലേക്ക് എത്താന്‍ ഈ പ്രദേശങ്ങളിലെ പുനര്‍നിര്‍മാണത്തിനുകൂടി ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഈ ദ്വിദിന സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മലയോര/ആദിവാസി മേഖലയുടെ പുനര്‍നിര്‍മ്മാണതിനാവശ്യമായ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനും പുനര്‍നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ആശയങ്ങള്‍ രൂപപ്പെടുത്താനുമാണ് ഈ ദ്വിദിന സമ്മേളനം ലക്ഷ്യം വെക്കുന്നത്. ഇതില്‍ നിന്നും  ഉയര്‍ന്നുവരുന്ന ആശയങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട്‌ സര്‍വകലാശാലക്കും സര്‍ക്കാരിനും സമര്‍പ്പിക്കുന്നതാണ്.

 

ഈ ദ്വിദിന സമ്മേളനത്തിലേക്ക് താങ്കളെ സാദരം സ്വാഗതം ചെയ്യുന്നു